ദുബായ്: 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനു തൊട്ടുമുമ്പ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനു മുന്നറിയിപ്പു ലഭിച്ചിരുന്നതായി റിപ്പോർട്ട്. എന്നാൽ, രാജ്യത്തിന്റെ സുരക്ഷാതലവന്മാരോടു നെതന്യാഹു ഇക്കാര്യം വെളിപ്പെടുത്തിയില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടാണു നെതന്യാഹുവിനു മുന്നറിയിപ്പു നൽകിയതെന്നാണു വെളിപ്പെടുത്തൽ. ഇസ്രയേൽ മാധ്യമമായ ഹാരറ്റ്സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.
സെപ്റ്റംബർ അവസാനം ഇരു നേതാക്കളും നടത്തിയ ഫോൺ സംഭാഷണത്തിൽ, അന്നത്തെ ഹമാസ് തലവൻ യഹ്യ സിൻവാർ ഇസ്രയേലിനെതിരേ വൻ സൈനിക നീക്കത്തിനു പദ്ധതിയിടുന്നുണ്ടെന്ന് അറിയിക്കുകയായിരുന്നു. ആക്രമണം മേഖലയിൽ വൻ രക്തച്ചൊരിച്ചിലിനും അസ്ഥിരതയ്ക്കും വഴിവയ്ക്കുമെന്നും അബ്രഹാം ഉടമ്പടിയെ ബാധിക്കുമെന്നും യുഎഇ പ്രസിഡന്റ് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
എന്നാൽ, യുഎഇ പ്രസിഡന്റിന്റെ മുന്നറിയിപ്പിനെ നെതന്യാഹു ഗൗരവമായി കണ്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇസ്രയേൽ ഗാസയിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നുണ്ടെന്നും ഹമാസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാൽ വെസ്റ്റ് ബാങ്കിൽ മാത്രമായിരിക്കുമെന്നുമാണു നെതന്യാഹു മറുപടി നൽകിയത്. കൂടാതെ ഏതു സാഹചര്യത്തെയും നേരിടാൻ ഇസ്രയേൽ സജ്ജമാണെന്നും അദ്ദേഹം മറുപടി നൽകി.
ഹമാസിന്റെ രഹസ്യനീക്കങ്ങളെക്കുറിച്ച് അന്നത്തെ ഇസ്രേലി രഹസ്യാന്വേഷണ ഏജൻസിയുമായോ, സേനാമേധാവിമാരുമായോ പങ്കുവച്ചില്ല. തുടർന്നു നടന്ന സുരക്ഷാ അവലോകന യോഗങ്ങളിലും നെതന്യാഹു ഇക്കാര്യം വെളിപ്പെടുത്തിയില്ല. വിവരമറിഞ്ഞിരുന്നെങ്കിൽ ഹമാസിന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ കഴിയുമായിരുന്നുവെന്നാണു രഹസ്യാന്വേഷണ ഏജൻസിയിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
അതേസമയം, റിപ്പോർട്ടുകൾ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് തള്ളി. ആരോപിക്കപ്പെടുന്ന കാലയളവിൽ യുഎഇ പ്രസിഡന്റുമായി നെതന്യാഹു സംസാരിച്ചിട്ടില്ലെന്നും അത്തരം മുന്നറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് ഇസ്രയേൽ ഭരണകൂടത്തിന്റെ വാദം. എന്നാൽ ഇസ്രയേലിലെ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ റിപ്പോർട്ട് സത്യമാണെന്നും രാജ്യത്തു സംഭവിച്ച സുരക്ഷാവീഴ്ചയിൽ നെതന്യാഹുവിനു നേരിട്ട് ഉത്തരവാദിത്തമുണ്ടെന്നും ആരോപിച്ചു.